2013, മേയ് 6

അഴിമതി കഥകളുടെ ഘോഷയാത്ര



രണ്ടാം തവണയും അധികാരത്തിലേറിയ, ഇടതുപക്ഷത്തിന്റെ നിയന്ത്രണം ഇല്ലാത്ത യു പി എ സര്‍ക്കാര്‍ അഴിമതി കഥകളുടെ കുരിശ് ഒന്നിനു പുറമേ ഒന്നായി ചുമക്കുന്ന ദയനീയ കാഴ്ചയാണ് കാണുന്നത്. കല്‍ക്കരിപ്പാടം അഴിമതി ഇടപാടില്‍ നിയമ മന്ത്രി അശ്വതി കുമാര്‍ സി ബി ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിച്ചതായുള്ള ആരോപണം കത്തിനില്‍ക്കുമ്പോള്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിക്കൊണ്ട് റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലും അഴിമതി ആരോപണത്തില്‍ കുടുങ്ങിയിരിക്കുന്നു. 


റെയില്‍വേ ബോര്‍ഡ് അംഗത്തിന് ഉന്നത പദവി നല്‍കാനായി ബന്‍സലിന്റെ സഹോദരീപുത്രന്‍ വിജയ് സിംഗഌ90ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായാണ് കണ്ടെത്തല്‍ വിജയ് സിംഗ്ല ള്‍പ്പെട്ട കോഴ ഇടപാടിനെ വിവരം ലഭിച്ച സി ബി ഐ വിദഗ്ദ്ധമായ അന്വേഷണത്തിലൂടെയാണ് കൈക്കൂലി നല്‍കിയ റെയില്‍വേ ബോര്‍ഡ് അംഗം മഹേഷ് കുമാറിനെയും അത് വാങ്ങിയ വിജയ് സിംഗ്ല യെയും ഇടപാടില്‍ ഇടനിലക്കാരായ മറ്റു നാലുപേരെയും അറസ്റ്റു ചെയ്തത്. 


വെസ്റ്റേണ്‍ റെയില്‍വേയില്‍ ജനറല്‍ മാനേജറായിരുന്ന മഹേഷ് കുമാര്‍ ഈയിടെയാണ് റെയില്‍വേ ബോര്‍ഡ് അംഗമായത്. അഴിമതിക്ക് ഏറെ അവസരമുള്ള ഇലക്ട്രിക്കല്‍ വിഭാഗം മേധാവിയായി നിയമിക്കപ്പെടാന്‍ മഹേഷ് കുമാറിനോട് വിജയ് സിംഗ്ല രണ്ടുകോടി രൂപയുടെ കോഴ ഇടപാട് ഉറപ്പിച്ചതായാണ് സി ബാ ഐ പറയുന്നത്. ഇതിന്റെ ആദ്യ ഗഡുവായാണ് 90 ലക്ഷം രൂപ കൈമാറിയത്. ഇടപാടിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ മഹേഷ് കുമാറിന്റെയും വിജയ് സിംഗ്ല യുടെയും ഫോണ്‍ കോളുകള്‍ ചോര്‍ത്തി വിവരങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരുന്ന സി ബി ഐ ഉദ്യോഗസ്ഥര്‍ കോഴ  തുക കൈമാറിയ ഉടന്‍തന്നെ രണ്ടുപേരെയും പിടികൂടുകയായിരുന്നു. 90 ലക്ഷം രൂപയും സി ബി ഐ പിടിച്ചെടുത്തു.



കല്‍ക്കരിപ്പാടം ഇടപാടുമായി ബന്ധപ്പെട്ടു നിയമമന്ത്രിയുടെ രാജിക്കായി മുറവിളികൂട്ടിക്കൊണ്ടിരുന്ന പ്രിതിപക്ഷത്തിനു ബന്‍സലിന്റെ അനിന്തരവന്റെ അറസ്റ്റ് പുതിയൊരു ആയുധമായി. ബി ജെ പിയും ഇടതുപക്ഷ പാര്‍ട്ടികളും ബന്‍സലിന്റെ രാജി ആവിശ്യപ്പെട്ടുകഴിഞ്ഞു. ഒരു റെയില്‍വെ ബോര്‍ഡ് അംഗത്തിന് ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്ത് 90 ലക്ഷം രൂപ ബന്ധപ്പെട്ട മന്ത്രിയുടെ ഉറ്റബന്ധു കൈക്കൂലി വാങ്ങണമെങ്കില്‍ അതുമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയും ആയിരിക്കണമെന്നുള്ള സാമാന്യ യുക്തിയാണ് പ്രതിപക്ഷം ബന്‍സലിനെതിരെ ആയുധമാക്കുന്നത്. 


പ്രതിപക്ഷത്തിന്റെ രാജി ആവിശ്യത്തിനെതിരെ യു പി എ പതിവു നാടകം ആവര്‍ത്തിക്കുകയാണ്. 


അറസ്റ്റുവാര്‍ത്ത പുറത്തുവന്ന ഉടന്‍ പ്രധാന മന്ത്രിയെയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെയും കണ്ട് ബന്‍സല്‍ രാജി സന്നദ്ധത അറിയിക്കുന്നു.സംഭവത്തില്‍ തനിക്കുയാതൊരു പങ്കുമില്ലെന്നാണ് ബന്‍സല്‍ ഇരുനേതാക്കളെയും അറിയിച്ചത്. അനിന്തരവന്‍ കൈക്കൂലി വാങ്ങിയതു തന്റെ അറിവോടെയായിരുന്നില്ല. അനിന്തരവനുമായി യാതൊരു ബിസിനസ് ബന്ധവുമില്ല. ഭരണകാര്യങ്ങളില്‍ ബന്ധുക്കളെ അടുപ്പിക്കാറില്ല. പൊതു ജീവിതത്തില്‍ സംശുദ്ധികാത്തുസൂക്ഷിക്കുന്ന ആളാണ്. ഇങ്ങനെ പോകുന്നു ബന്‍സലിന്റെ സത്യപ്രസ്താവനകള്‍. മന്‍മോഹന്‍ സിംഗും സോണിയാഗാന്ധിയും മറ്റൊന്നു ആലോചിക്കാതെ അതു മുഖവിലയ്ക്കടുത്തു എന്നു വേണം കരുതാന്‍. കാരണം കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ അടങ്ങുന്ന കോര്‍ കമ്മിറ്റിയോഗം ബനസല്‍ രാജിവെക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. 


ഈ കോഴവിവാദം യു പി എ മന്ത്രിസഭയിലെ അംഗങ്ങളുടെ മാത്രമല്ല, റെയില്‍വെയില്‍ ഇപ്പോള്‍ നടമാടുന്ന കൊടിയ അഴിമതിയുടെ കഥകളിലേക്കും വെളിച്ചം വീശുന്നു.  


ലോകത്തെ രണ്ടാമത്തെ വലിയ റെയില്‍വെ ശൃംഖലയുള്ള ഇന്ത്യന്‍ റെയില്‍വെ അഴിമതിയില്‍ മുങ്ങിക്കുളിച്ച സ്ഥാപനമാണെന്ന് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ (സി വി സി)വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ പൊതുമേഖലാ സ്ഥാപനമെന്ന ബഹുമതിയാണ് സി വി സി ഇന്ത്യന്‍ റെയില്‍വെയ്ക്കു ചാര്‍ത്തിക്കൊടുത്തിരുന്നത്. രാജ്യത്ത് അഴിമതികുറ്റങ്ങള്‍ക്കു ശിക്ഷിക്കപ്പെടുന്ന ഓരോ മൂന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ വീതം റെയില്‍വെയില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അഴിമതിക്കുറ്റങ്ങളില്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നതിലും റെയില്‍വെ അധികൃതര്‍ വീഴ്ചകാട്ടുന്നതായി സിവിസി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.



ഇന്ത്യന്‍ റെയില്‍വെ എന്ന ബൃഹത്തായ പ്രസ്ഥാനം രാഷ്ട്രിയക്കാരും ഉദ്യോഗസ്ഥരും അടങ്ങുന്ന മാഫിയാകളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. സിവിസിക്കു ലഭിച്ച ഒരു പരാതി പറിശോധിച്ചാലറിയാം റെയില്‍വെയില്‍ നടമാടുന്ന അഴിമതിയുടെ ആഴം. 


റെയില്‍വെയുടെ രാജ്യത്തെ ഏറ്റവും വലിയവര്‍ക്ക്‌ഷോപ്പാണ് ബീഹാറിലെ ജമല്‍പ്പൂരിലുള്ളത്. ട്രെയിനിന്റെ വിലുകളുടെ ബാള്‍ ബിയറിംഗ്‌സ് മാറ്റുന്നത് ഇവിടെയാണ്. ഏതാനും ആയിരം കിലോമീറ്ററുകള്‍ ഓടിക്കഴിയുമ്പോള്‍ വീലുകളുടെ ബാള്‍ബിയറിംഗ് മാറണമെന്നാണ്. 2000-3000 രൂപവരെ വിലയുള്ള ഇവ ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ബാള്‍ബിയറിംഗ് മാറാന്‍ നൂറുകണക്കിനു ട്രെയിനുകള്‍ ജമല്‍പ്പൂരിലെത്തും. ഈ ട്രെയിനുകളില്‍ ഭൂരിഭാഗവും വര്‍ക്ക്‌ഷോപ്പിലെത്താറില്ല. ഇവയുടെ ബാള്‍ബിയറിംഗ് മാറിയതായുള്ള സര്‍ട്ടിഫിക്കറ്റ് നല്കി തിരിച്ചയയ്ക്കും. പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ തട്ടിഎടുക്കുന്നത്. ജമല്‍പൂര്‍വര്‍ക്ക്‌ഷോപ്പിലെ ഉന്നതര്‍ മുതല്‍ സാധാരണ ജീവനക്കാരന്‍ വരെ ഈ അഴിമതിയില്‍ പങ്കാളിയാരുന്നു. ഈ വെട്ടിപ്പുമായി ബന്ധപ്പെട്ട വലിയതുകയ്ക്കുള്ള ഒരു ബില്ലില്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥനെ അഴിമതിക്കാരടങ്ങിയ മാഫിയായുടെ ആളുകള്‍ വെടിവച്ചു കൊന്നതോടെയാണ് വര്‍ഷങ്ങളായി നടന്നു വന്നതിരിമറി പുറംലോകം അറിയുന്നത്. റെയില്‍വെയുടെ എല്ലാത്തലത്തിലും ഇത്തരത്തില്‍ കോടികളുടെ അഴിമതി നടക്കുന്നുണ്ട്. 


അഴിമതിയുടെ കറപുരളുന്ന മന്ത്രിമാര്‍ രാജിവെക്കേണ്ടതില്ലെന്ന് പറയുന്ന സര്‍ക്കാരുകള്‍ ഭരിക്കുമ്പോള്‍ ഇത്തരത്തിലുള്ള അഴിമതികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.


5 അഭിപ്രായ(ങ്ങള്‍):

ajith പറഞ്ഞു...

സ്വതന്ത്ര ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ഭരണഘടനാസ്ഥാപനങ്ങള്‍ക്കും വാച്ച് ഡോഗ് സംവിധാനങ്ങള്‍ക്കും ജുഡീഷ്യറിയ്ക്കും രാജ്യത്തിന്റെ പൊതുസ്വത്തിനും ജനത്തിനും ഇത്രയും പരിക്കേല്പിച്ച ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല.

മുച്ചൂടും നശിപ്പിച്ച് കുളം തോണ്ടും ഇവര്‍

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

ബ്രിട്ടനില്‍ ഒരു ട്രാഫിക് ഫൈന്‍ ഒഴിവാക്കാന്‍ കള്ളം പറഞ്ഞ മന്ത്രിക്ക് പണിപോയി, ജയില്‍ ശിക്ഷ

ഇന്ത്യയില്‍ ഒരുലക്ഷംകോടിയുടെ അഴിമതിക്കേസ് അന്വേഷിക്കുന്ന ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയുടെ പങ്കിനെക്കുറിച്ചുള്ള പരാമര്‍ശം നിയമ മന്ത്രിയും പ്രധാനമന്ത്രിയുടെ വാല്യക്കാരും ചേര്‍ന്ന്‍ തിരുത്തിക്കുന്നു, കള്ളത്തരം കോടതി കണ്ടുപിടിക്കുന്നു, അന്വേഷണ ഏജന്‍സി സുപ്രീം കോടതിയില്‍ സാഷ്ഠാംഗം മാപ്പപേക്ഷിക്കുന്നു. എന്നിട്ടും കോണ്‍ഗ്രസ് പറയുന്നു പ്രധാന മന്ത്രിയും നിയമമന്ത്രിയും നിഷ്കളങ്കര്‍, പരിശുദ്ധര്‍.

ഇനിയെങ്കിലും ദയവായി ആരും ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്നു വിശേഷിപ്പിക്കരുത്.

ഇത് പണാധിപത്യ രാജ്യമാണ്. ഭരണം കള്ളന്മാരുടെയും മുണ്ടിയറപ്പന്മാരുടേതും

ഷാജു അത്താണിക്കല്‍ പറഞ്ഞു...

രാഷ്ട്രീ പാർട്ടികളുടെ രാഷ്ട്രീയം എല്ലാം ഒന്നാ..................

തുളസി പറഞ്ഞു...

ഈ ബനാന റിപ്പബ്ലിക്കില്‍ കാര്യങ്ങള്‍ ഇങ്ങനെയേ നടക്കൂ..കാരണം ഇത്തരം അഴിമതികളെക്കുറിചൊന്നും മഹാഭൂരിപക്ഷം ജനത്തിനും ഒന്നും അറിയില്ല.കാരണം അവരാരും വാര്‍ത്തകള്‍ അറിയാറില്ല.അറിയുന്ന ചെറിയൊരു ശതമാനമാകട്ടെ എനിക്കും എങ്ങനെ ഇതുപോലെ പത്തുകാശ് ഉണ്ടാക്കാം എന്ന ചിന്താഗതിയാണ് പുലര്‍ത്തുന്നത്..നമ്മുടെ രാജ്യത്ത്ജനാധിപത്യം അതിന്‍റെ ഏറ്റവും മോശമായ അവസ്ഥയിലാണ്

Joselet Joseph പറഞ്ഞു...

മടുത്തു. നമ്മുടെ നാട് നന്നാവില്ല. ഒരിക്കലും !!

ഒന്ന്നോര്‍ത്തു നോക്കിയാല്‍ നൂറു രൂപ പിയൂണിനു കൈമടക്ക് കൊടുത്ത് വേഗം കാര്യം സാധിക്കാന്‍ മടിയില്ലാത്ത നമുക്ക് അഴിമതിയെപറ്റി പ്രസംഗിക്കാന്‍ എന്ത് യോഗ്യത?

കാശു എറിഞ്ഞു വോട്ടോവാങ്ങി വിജയിച്ചവര്‍ അതിന്റെ നൂറിരട്ടി തിരിച്ചു പിടിക്കുന്നു. ഒക്കെ വ്യവസ്ഥിതിയുടെ കുഴപ്പമാണ്.
വേലി തന്നെ വിളവു തിന്നുന്നു.