2012, സെപ്റ്റം 11

ഇതില്‍ എന്തൊക്കെയോ ദുരൂഹതയുണ്ട്

വിവാദകാരണമായ നാലു പദ്ധതികള്‍ പിന്‍വലിച്ച പശ്ചാത്തലത്തില്‍ എമര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ എല്ലാവരും അവസാനിപ്പിക്കുമെന്നായിരുന്നു പൊതുധാരണ. ദൗര്‍ഭാഗ്യവശാല്‍  പിന്‍വലിച്ചെന്നു പറഞ്ഞ പദ്ധതികള്‍ വെബ്‌സൈറ്റില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. നെല്ലിയാമ്പതി, വാഗമണ്‍, ഇലവിഴാപൂഞ്ചിറ, ധര്‍മ്മടം എന്നിവിടങ്ങളിലെ നിര്‍ദ്ദിഷ്ട പദ്ധതികള്‍ പിന്‍വലിച്ചതായി പറഞ്ഞതും വെബ്‌സൈറ്റില്‍ നിന്ന് അതു പിന്‍വലിച്ചതും ഇന്നലെ ഉച്ചയ്ക്കാണ്.


വ്യവസായ വകുപ്പു പിടിവാശി പിടിച്ചാണ് നാലും വീണ്ടും പരിഗണനയിലെത്തിച്ചതെന്നാണ് സൂചന. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പദ്ധതികള്‍ പുനഃപരിശോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ അമ്പത്തിമൂന്നു പദ്ധതികളെ ഒഴിവാക്കുകയും ചെയ്തു. അതില്‍പ്പെടുന്ന നാലു പദ്ധതികളാണ് വീണ്ടും പ്രത്യക്ഷമായിരിക്കുന്നത്. പ്രതിപക്ഷം ആരോപിക്കുന്നതു പോലെ ഭൂമികച്ചവടം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം ഏതൊക്കെയോ കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ടെന്ന തോന്നലാണ് ഈ തീരുമാനത്തിലൂടെയുണ്ടാകുന്നത്.


ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത് നീക്കം ചെയ്ത പദ്ധതികളെച്ചൊല്ലിയായിരുന്നു വിവാദം ഉയര്‍ന്നിരുന്നത്. ഇതില്‍ ചീമേനി പദ്ധതിക്ക് നീക്കിവെച്ച ഭൂമി 1621 ഏക്കറില്‍ നിന്ന് 200 ഏക്കറാക്കി ചുരുക്കി. ഇലവിഴപൂഞ്ചിറയില്‍ ഇക്കോ റിസോര്‍ട്ട്, വാഗമണില്‍  റിസോര്‍ട്ടും ഗോള്‍ഫ് കോഴ്‌സും തുടങ്ങാനായിരുന്നു പദ്ധതികള്‍. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഈ പദ്ധതികള്‍ക്കെതിരെ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു. നെല്ലിയാമ്പതിയില്‍ ഫോറസ്റ്റ് ലോഡ്ജിനായുള്ള നിര്‍ദേശമാണ് ഒഴിവാക്കിയത്. ധര്‍മ്മടം ദ്വീപില്‍  റിസോര്‍ട്ട് തുടങ്ങാനുള്ള പദ്ധതിയും ഇപ്രകാരം ഒഴിവാക്കി. കല്‍ക്കരി / വാതക താപ വൈദ്യുത പദ്ധതിക്കായി ചീമേനിയില്‍ 1621 ഏക്കര്‍ നീക്കിവെക്കാനുള്ള നിര്‍ദേശം വന്‍ വിവാദമായിരുന്നു. പുന:പരിശോധനയ്ക്ക് ശേഷം വെബ്‌സൈറ്റില്‍ പറയുന്നത് ഇവിടെ 1621 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി അവിടെയുണ്ടെങ്കിലും ഇതില്‍ 200 ഏക്കര്‍ പദ്ധതിക്ക് വിനിയോഗിക്കാമെന്നാണ് പുതിയ നിര്‍ദേശം. ഇതോടൊപ്പം പീരുമേട്ടിലും ദേവികുളത്തും റിസോര്‍ട്ട് ഹോട്ടല്‍ തുടങ്ങാനുള്ള പദ്ധതി നിര്‍ദേശവും ഒഴിവാക്കി.


അപ്രായോഗികമായ പദ്ധതികള്‍ ഒഴിവാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ചീഫ് സെക്രട്ടറിയെ പരിശോധനയ്ക്കു ചുമതലപ്പെടുത്തിയത്. അദ്ദേഹം പരിശോധിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കിയ പദ്ധതികള്‍ ഏതു വിധത്തിലാണ് വ്യവസായ വകുപ്പ് വീണ്ടും ഉള്‍പ്പെടുത്തിയതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. നേരത്തേ കൊച്ചിയില്‍ നടത്തിയ ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റിന്റെ നടത്തിപ്പിനു മേല്‍നോട്ടം വഹിച്ചത് വ്യവസായ വകുപ്പായിരുന്നു. അത് സമ്പൂര്‍ണ്ണ പരാജയവുമായി.  ഇത്തവണ മുഖ്യമന്ത്രി നേരിട്ടാണ് പരിപാടി നടത്തുന്നത്. എന്നിട്ടും, വ്യവസായ വകുപ്പിന് എന്തോ അപ്രമാദിത്തം കാണിക്കാന്‍ സാധിച്ചിരിക്കുന്നു.


പരിസ്ഥിതിക്കു കോട്ടം വരുത്താത്ത എല്ലാ പദ്ധതികളും നടപ്പാക്കേണ്ടതു തന്നെയാണ്. കേരളത്തിന്റെ ഇനിയുള്ള വികസനം ടൂറിസത്തില്‍ അധിഷ്ഠിതമായിരിക്കും എന്നതില്‍ തര്‍ക്കവുമില്ല. എന്നാല്‍, വിവാദങ്ങള്‍ ഉയരുമ്പോള്‍ അത്തരം പുതിയ പദ്ധതികളെക്കുറിച്ച് പുനരാലോചിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ടൂറിസം വകുപ്പു തന്നെ വ്യക്തമാക്കണം. പ്രതിപക്ഷം ഒന്നടങ്കവും ഭരണപക്ഷത്തെ ചില എംഎല്‍എമാരും എമര്‍ജിംഗ് കേരള പദ്ധതികളെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഒന്നുമറിയാത്തവരല്ലല്ലോ ജനപ്രതിനിധികള്‍. എവിടെയൊക്കെയോ എന്തൊക്കെയോ അസ്വാഭാവികതകളുണ്ട് എന്ന തോന്നല്‍ നേരത്തേ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അതു പൂര്‍ണമായി.


സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ആരെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളിലെ പരിസ്ഥിതി സമ്പൂര്‍ണമായി നശിപ്പിച്ചിട്ടായാലും റിസോര്‍ട്ടുകള്‍ സ്ഥാപിക്കുകയെന്ന തീരുമാനമെടുക്കാന്‍ ആരാണ് ഇവരെ ചുമതലപ്പെടുത്തിയത്?


ഭൂമികച്ചവടം നടത്താനുള്ള ഉപാധിയായി ഒരു പദ്ധതി കൊണ്ടുവരുന്നതിനെ എതിര്‍ക്കുക തന്നെ വേണം. കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പരിപാടിയെന്ന നിലയില്‍ എമര്‍ജിംഗ് കേരളയെ പിന്തുണച്ചവര്‍ പോലും ഇപ്പോള്‍ തിരിച്ചു ചിന്തിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇതിനെല്ലാം അടിസ്ഥാനമാകുന്നത് വ്യവസായ വകുപ്പിന്റെ ദുരൂഹത നിറഞ്ഞ കളികള്‍ തന്നെ.


നെല്ലിയാമ്പതി, വാഗമണ്‍, ഇലവിഴാപൂഞ്ചിറ, ധര്‍മ്മടം എന്നിവിടങ്ങള്‍ വന്‍തോതിലുള്ള ടൂറിസം സാധ്യതയുള്ള പ്രദേശങ്ങള്‍ തന്നെ. പക്ഷേ, അവിടുത്തെ പരിസ്ഥിതിക്കു കോട്ടം തട്ടാന്‍ പാടില്ല. സര്‍ക്കാരിന്റെ ചീഫ് സെക്രട്ടറിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ അപ്രായോഗികമെന്നു കണ്ടെത്തിയ പദ്ധതികള്‍ നടപ്പാക്കിയേ തീരൂ എന്ന വാശി ആര്‍ക്കും നല്ലതിനല്ല.


എമര്‍ജിംഗ് കേരളയുടെ നിയന്ത്രണം മുഖ്യമന്ത്രി നേരിട്ടു വഹിക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തെ കരിവാരിത്തേക്കാനുള്ള ശ്രമവും നടന്നേക്കാം. വിശിഷ്യാ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍. ഗ്രൂപ്പിസത്തിന്റെ മുന്തിയ തലത്തിലേക്കാണ് കോണ്‍ഗ്രസിന്റെ പോക്ക്. ഹരിത രാഷ്ട്രീയം എന്ന പേരില്‍ ചില എംഎല്‍എമാര്‍ യുഡിഎഫിന്റെ തീരുമാനങ്ങളെ പിന്നില്‍ നിന്നു കുത്തുമ്പോഴും നിശബ്ദമായി നോക്കി നില്‍ക്കാന്‍ മാത്രം സാധിക്കുന്ന ദുര്‍ബലനായി ഉമ്മന്‍ചാണ്ടി മാറിയിട്ടുണ്ട്.


തുടക്കക്കാരായ എംഎല്‍എമാര്‍ വരെ മുതിര്‍ന്ന നേതാക്കളെ വെല്ലുവിളിക്കുമ്പോള്‍ എന്താണ് ഈ മു്ന്നണിയുടെ കെട്ടുറപ്പെന്ന സംശയം ഉയരുക സ്വാഭാവികം. അത്തരം സംഭവങ്ങള്‍ നടക്കുന്നതിനിടയിലാണ് വ്യവസായ വകുപ്പിന്റെ വെല്ലുവിളി.  ഇത്തരം വെല്ലുവിളികള്‍ എമര്‍ജിംഗ് കേരള എന്ന സങ്കല്പത്തെ തന്നെ ഇല്ലാതാക്കാനേ ഉപകരിക്കൂ. നമ്മുടെ മലയും പുഴയും മണ്ണും മനുഷ്യരെയും തിരുവാതിര ഞാറ്റുവേലപോലും വന്‍‌കിട മുതലാളിമാര്‍ക്ക് കാഴ്ചവെച്ച് അതിന്റെ പങ്ക് പറ്റി സ്വകാര്യ താല്‍പര്യങ്ങളുടെ പൂര്‍ത്തീകരണവും ബിനാമി സാമ്പത്തിക ഇടപാടുകളും ഉന്നംവെക്കുന്ന സമീപനം ആരുടെ ഭാഗത്തു നിന്നായാലും ശരിയല്ല. അത് എല്ലാവരും ഓര്‍മിക്കുന്നത് നന്നായിരിക്കും.