2011, സെപ്റ്റം 28

വെല്ലുവിളി ഏറ്റെടുക്കാന്‍ മന്ത്രി തയാറുണ്ടോ?

കൊല്ലം ജില്ലയില്‍ മൂന്നു പേര്‍ മദ്യപാനത്തെത്തുടര്‍ന്നു മരിച്ചെന്ന വാര്‍ത്ത ഞെട്ടലുളവാക്കുന്നതു തന്നെ. അമിതമായി മദ്യപിച്ചതിലൂടെയുണ്ടായ നിര്‍ജലീകരണമാണു മരണകാരണമെന്നാണു കണ്ടെത്തല്‍. സമൂഹത്തിലെ സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്ന വിഭാഗത്തില്‍പ്പെട്ടവരല്ല മരിച്ചത്. ഇക്കാരണത്താലാകാം വലിയ കോലാഹലമൊന്നും ഉയര്‍ന്നു കണ്ടില്ല.

അമിത മദ്യപാനമാണു മരണകാരണമെന്ന് തുടക്കത്തിലേ പറഞ്ഞ എക്‌സൈസും പൊലീസും കേരളത്തില്‍ ഈ പ്രദേശത്തു മാത്രമായി അതു കഴിഞ്ഞ ദിവസം സംഭവിച്ചതെങ്ങനെയെന്നു കൂടി വ്യക്തമാക്കണം. നിത്യവും മദ്യപിക്കുന്നവരാണ് മരിച്ചതെന്നാണ് വിവരം. അങ്ങനെയെങ്കില്‍ മരണകാരണം മദ്യത്തിലടങ്ങിയ മറ്റെന്തോ ആയിരിക്കാം. അത് എന്താണെന്നാണു കണ്ടെത്തേണ്ടത്.

കേരളത്തിലെ ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളിലുള്‍പ്പെടെ വ്യാജമദ്യം സുലഭമാണെന്നതാണു വസ്തുത. ബാറുകളില്‍ പെഗ് അളന്നു നല്‍കുന്ന മദ്യം എന്താണെന്നു കൂടി ആര്‍ക്കും പറയാനാവില്ല. ഈ പശ്ചാത്തലം വിസ്മരിച്ചാവരുത് ഇതേക്കുറിച്ചുള്ള അന്വേഷണം.

മനുഷ്യന്റെ മരണത്തിനു കാരണമാകുന്ന തരത്തിലുള്ള മദ്യം വില്‍ക്കാതിരിക്കാന്‍ എന്താണ് തടസമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഓരോ വര്‍ഷവും മദ്യപാനികളുടെ സംഖ്യ ക്രമാതീതമായി വര്‍ധിക്കുന്ന സംസ്ഥാനമാണു കേരളം. ചാലക്കുടിക്കാരെ തോല്‍പ്പിക്കാന്‍ കരുനാഗപ്പള്ളിക്കാര്‍ ഓണത്തിന് കച്ചകെട്ടിയ വര്‍ഷമാണിത്. യുവാക്കള്‍ മാത്രമല്ല, കൗമാരപ്രായക്കാര്‍ വരെ മദ്യത്തിന്റെ അടിമകളായി മാറുകയാണെന്നത് തീര്‍ത്തും നിസാരമല്ല.

പുരുഷന്‍മാര്‍ മാത്രമാണു മദ്യപാനികളെന്നാണു പൊതുവേയുള്ള ധാരണ. എന്നാല്‍, ധാരാളം പെണ്‍കുട്ടികളും സ്ത്രീകളും മദ്യത്തിനടിമകളായിട്ടുണ്ടെന്നതാണു സത്യം. കോളജ് ഹോസ്റ്റലുകളിലടക്കം പെണ്‍കുട്ടികള്‍ മദ്യപിക്കുന്നു എന്നാണ് അറിയുന്നത്. ഇങ്ങനെ സംഭവിക്കാന്‍ കാരണമായത് അന്ധമായ പാശ്ചാത്യ സംസ്കാര അനുകരണം തന്നെ. പാശ്ചാത്യര്‍ മദ്യപിക്കുന്നതോ ലൈംഗിക അരാജകത്വത്തിലേക്കു പോകുന്നതോ മാതൃകയാക്കുന്നവര്‍, അവരുടെ നല്ല ഗുണങ്ങളൊന്നും സ്വീകരിക്കുന്നില്ലെന്നതാണു ദുഃഖകരമായ സംഗതി. സ്ത്രീ സ്വാതന്ത്ര്യമെന്ന് മുറവിളി കൂട്ടുന്ന വനിതാ വിമോചക സംഘടനാ പ്രവര്‍ത്തകരുടെ ആവശ്യങ്ങളിലും മുഖ്യമായി നില്‍ക്കുന്നത് സ്ത്രീകള്‍ക്കു മദ്യപിക്കാനുള്ള അവകാശമാണ്. ഒപ്പം ലൈംഗിക സ്വാതന്ത്ര്യമെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന വ്യഭിചാരത്തിനുള്ള സ്വാതന്ത്ര്യവും. ഇത്തരം കുറേപ്പേര്‍ ചേര്‍ന്നാണ് നമ്മുടെ സമൂഹത്തെ നശിപ്പിക്കുന്നത്. വീടുകളില്‍ കൗമാരപ്രായക്കാര്‍ മദ്യപിച്ചെത്തുന്നതിനെ ചോദ്യം ചെയ്യാനാവാത്ത അവസ്ഥയിലാണു മാതാപിതാക്കള്‍. സ്വയം നശിച്ചവര്‍ക്ക് മക്കളെ നേര്‍വഴി കാണിക്കാന്‍ സാധിക്കില്ലല്ലോ.

കൊല്ലത്തുണ്ടായത് മദ്യദുരന്തം തന്നെയാണ്. അത് മറ്റെന്തോ ആണെന്നു വരുത്തിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ കാണിക്കുന്ന പിടിവാശി എന്തിനാണ്?വ്യാജവാറ്റും വ്യാജമദ്യവും സുലഭമായി കേരളത്തിലെ പല ഭാഗങ്ങളിലും ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാട്ടുകാരും മാധ്യമങ്ങളുമൊക്കെ ഇത് അറിഞ്ഞിട്ടും എക്‌സൈസ് വകുപ്പു മാത്രം അറിയുന്നില്ല. മാസം തോറും ലഭിക്കുന്ന പടിയുടെ അളവു നോക്കി മാത്രം റെയ്ഡു നടത്തുകയെന്നതാണ് എക്‌സൈസിന്റെ പണ്ടേയുള്ള രീതി.

ബാറുകളിലടക്കം കൃത്യമായ പരിശോധന നടത്താന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തയാറല്ല. ശമ്പളമായി ലഭിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങു തുക ബാറുകാരില്‍ നിന്നു മാസം തോറും അവര്‍ക്കു ലഭിക്കുന്നു. അക്കാരണത്താല്‍ നാട്ടുകാര്‍ കുടിച്ചു മരിച്ചാലും അവര്‍ അനങ്ങില്ല, എക്‌സൈസ് വകുപ്പിന്റെ ചുമതലയേറ്റപ്പോള്‍ മന്ത്രി കെ.ബാബു പറഞ്ഞത് കേരളത്തെ മദ്യമുക്തമാക്കണമെന്നാണു തന്റെ ആഗ്രഹമെന്നാണ്. അത് ആത്മാര്‍ത്ഥമായി പറഞ്ഞതാണെങ്കില്‍ അടിയന്തരമായി മറ്റു ചിലതു ചെയ്യണം. ഒറ്റയടിക്കു മദ്യനിരോധനം പ്രാവര്‍ത്തികമല്ല. നിലവില്‍ കേരളത്തില്‍ വിറ്റഴിക്കുന്ന മദ്യം അതിന്റേതായ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പുവരുത്താനാണ് ആദ്യം ശ്രമിക്കേണ്ടത്. എക്‌സൈസ് ഉദ്യോഗസ്ഥരെ വരച്ച വരയില്‍ നിര്‍ത്താന്‍ മന്ത്രിക്കു സാധിക്കണം. അതിന് പ്രാഥമികമായി ആവശ്യം ഉറപ്പുള്ള നട്ടെല്ലാണ്. അതുണ്ടെന്ന് മന്ത്രി സ്വയം വിശ്വസിക്കുന്നുണ്ടെങ്കില്‍ ഈ വകുപ്പിലെ കൈക്കൂലി അവസാനിപ്പിക്കാന്‍ സാധിക്കും.

കൈക്കൂലിക്കു വേണ്ടി മാത്രം ദിവസവും ഉണരുന്ന എക്‌സൈസ് ഉദ്യോഗസ്ഥരെ സ്ഥിരമായി വീട്ടിലിരിക്കാന്‍ അനുവദിക്കുക. അവര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ എല്ലാം നല്‍കി പിരിച്ചുവിടണം. അങ്ങനെ നല്‍കാനുള്ള തുക ബാറുടമകള്‍ തന്നെ ചെലവഴിക്കട്ടെ. അല്ലെങ്കില്‍, ജനങ്ങള്‍ക്കു മുന്നിലേക്ക് ഉദ്യോഗസ്ഥരെ വിട്ടു കൊടുക്കുക. കൃത്യമായ പരിശോധന ഓരോ ബാറുകളിലും നടക്കണം. ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളിലാണ് അടിയന്തരമായി പരിശോധന നടത്തേണ്ടത്. ദിനംപ്രതി അതിര്‍ത്തി കടന്നെത്തുന്ന ലക്ഷക്കണക്കിനു ലിറ്റര്‍ സ്പിരിറ്റാണു നിറം ചേര്‍ത്ത് സര്‍ക്കാര്‍ സംവിധാനത്തിലൂടെ വിറ്റഴിക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ മന്ത്രിക്കു ധൈര്യമുണ്ടോ?

വ്യാജമദ്യക്കാരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിലെ മറ്റാരും സഹായിക്കാനില്ലെങ്കില്‍ അക്കാര്യം മന്ത്രി തുറന്നു പറയുക. കേരളത്തിലെ ചെറുപ്പക്കാരടക്കമുള്ള ജനങ്ങള്‍ താങ്കള്‍ക്കൊപ്പമുണ്ടാകും. ഒരു സര്‍ക്കാര്‍ സംവിധാനത്തിന്റെയും സഹായമില്ലാതെ വ്യാജമദ്യക്കച്ചവടക്കാരെ പിടികൂടാന്‍ സാധിക്കും. ഓരോ കവലയിലും ജനകീയ സമിതികള്‍ രൂപീകരിക്കണം. അവര്‍ക്ക് വ്യാജമദ്യക്കാരെ പിടികൂടാനുള്ള സ്വാതന്ത്ര്യവും അധികാരവും നല്‍കണം. മദ്യക്കച്ചവടക്കാരെ പിടികൂടുമ്പോള്‍ പറന്നെത്തി തടസപ്പെടുത്താന്‍ പൊലീസിനെ അനുവദിക്കരുത്. പ്രത്യേകിച്ച് പണിയൊന്നും ചെയ്യാതെ കൈക്കൂലി സ്വപ്‌നം കണ്ടു ജീവിക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥരെയും ഈ സമിതിക്കു വിട്ടുകൊടുക്കുക. അവര്‍ കാണിച്ചു തരും എങ്ങനെയാണ് ഉദ്യോസ്ഥരെക്കൊണ്ട് ജോലിയെടുപ്പിക്കേണ്ടതെന്ന്.

ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കാന്‍ മന്ത്രി തയാറുണ്ടോ? സര്‍ക്കാരിലെ സഹജീവികള്‍ സഹകരിക്കുന്നില്ലെങ്കില്‍ അക്കാര്യം വാര്‍ത്താസമ്മേളനം നടത്തി തുറന്നു പറയണം. ആരൊക്കെയാണ് വ്യാജമദ്യക്കാര്‍ക്കു വേണ്ടി വാദിക്കുന്നതെന്നു ജനം അറിയട്ടെ. തേച്ചു മിനുക്കിയ വേഷവുമിട്ട് നിറഞ്ഞ ചിരിയുമായി നടക്കുന്ന നേതാക്കളുടെ തനിനിറം എല്ലാവരും അറിയട്ടെ. അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നില്ലെങ്കില്‍ മാത്രം മന്ത്രി ഈ വെല്ലുവിളി സ്വീകരിക്കുക.

1 അഭിപ്രായ(ങ്ങള്‍):

Lipi Ranju പറഞ്ഞു...

കൊള്ളാം... ഈ പ്രതികരണം ഇഷ്ടായി... ഇത്തരം വെല്ലുവിളികള്‍ മന്ത്രിമാര്‍ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നെങ്കില്‍ എന്നെ നാട് നന്നായിപ്പോയേനെ !
(കടലാസു പൂക്കളിലെ കമന്റ്‌ കണ്ടു. ആ വഴി ഒന്ന് വന്നു നോക്കിയതാ... വെറുതെയായില്ല :) )