2011, സെപ്റ്റം 24

നാലു സിലിണ്ടറുകള്‍

ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്താനും സബ്‌സിഡി വെട്ടിക്കുറയ്‌ക്കാനുമുള്ള കേന്ദ്രനീക്കം റിലയന്‍സിനെ സഹായിക്കാനാണെന്ന സംശയം ബലപ്പെട്ടു.

നന്ദന്‍ നിലേകാനി സമിതി റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഓരോ വീടിനും വര്‍ഷം നാലു സിലിണ്ടറുകള്‍ മാത്രമായി കുറയ്‌ക്കാനുള്ള തത്രപ്പാടിലാണു കേന്ദ്രസര്‍ക്കാര്‍. ഇതു മുന്നില്‍ക്കണ്ട്‌ എല്‍.പി.ജി. വിതരണം വിപുലപ്പെടുത്താനുള്ള നീക്കത്തിലാണു റിലയന്‍സ്‌.

2012 ഏപ്രില്‍ മുതല്‍ സിലിണ്ടറുകള്‍ പരിമിതപ്പെടുത്താനാണു സര്‍ക്കാര്‍ തീരുമാനം. ഈ സിലിണ്ടറുകള്‍പോലും വിപണിവിലയ്‌ക്കു വാങ്ങിയശേഷം വര്‍ഷാന്ത്യത്തില്‍ സബ്‌സിഡി തുക ഓരോ പെര്‍മിറ്റിനും വകവച്ചു നല്‍കുന്ന രീതിയാണു പരിഗണിക്കുന്നത്‌. ഇതുസംബന്ധിച്ചു കഴിഞ്ഞദിവസം ചേരാനിരുന്ന മന്ത്രിതലയോഗം രാഷ്‌ട്രീയസമ്മര്‍ദങ്ങളേത്തുടര്‍ന്നു മാറ്റിവച്ചെങ്കിലും അടുത്ത യോഗത്തില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന.

വീടുകളില്‍ വര്‍ഷം ശരാശരി 6-10 എല്‍.പി.ജി. സിലിണ്ടറുകള്‍ ഉപയോഗിക്കുന്നുണ്ട്‌. ഭാവിയില്‍, നാലാം സിലിണ്ടറും ആളിത്തീരുന്നതോടെ ഉപയോക്‌താക്കള്‍ക്കു ഗ്യാസ്‌ കുറ്റികള്‍ വേറെ തേടേണ്ടിവരും. ഇതിലാണു റിലയന്‍സിന്റെ കണ്ണ്‌. വിപണിവിലയ്‌ക്കു പാചകവാതകം വാങ്ങണമെങ്കില്‍ നിലവിലെ നിരക്കില്‍ 685 രൂപ നല്‍കേണ്ടിവരും.

സബ്‌സിഡിയും എണ്ണക്കമ്പനികളുടെ ലാഭക്കുറവും രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയ്‌ക്കു ദോഷമാണത്രേ! ഇക്കാരണം പറഞ്ഞു പെട്രോളിയം മന്ത്രാലയവും ആസൂത്രണ കമ്മിഷനും  ഒത്തുപിടിക്കുന്നതു റിലയന്‍സ്‌ പോലുള്ള സ്വകാര്യകുത്തകകളെ സഹായിക്കാനാണെന്നാണ്‌ ആരോപണം. പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞതോടെ സ്വകാര്യ പെട്രോളിയം കമ്പനികള്‍ വന്‍ലാഭം നേടുന്നുണ്ട്‌. ഡീസല്‍ വില സ്വതന്ത്രമാക്കാനുള്ള സമ്മര്‍ദവും തുടരുകയാണ്‌. ഇതിനൊപ്പം എല്‍.പി.ജി. വിതരണത്തിലെ പരിഷ്‌കാരവും സ്വകാര്യമേഖലയ്‌ക്കു നേട്ടമാകും.

ഭാവിനടപടികള്‍ക്കു മുന്നോടിയായി അടുത്തിടെ പൊതുമേഖലാ കമ്പനികള്‍ ഗ്യാസ്‌ ഏജന്‍സികള്‍ക്കു പല നിര്‍ദേശവും നല്‍കുന്നുണ്ട്‌. കമ്മിഷന്‍ ഗണ്യമായി കുറച്ചതിനെയും വിതരണക്കാര്‍ സംശയത്തോടെയാണു കാണുന്നത്‌. വിതരണവ്യവസ്‌ഥകള്‍ അനാകര്‍ഷകമാക്കി ഏജന്‍സികളെ റിലയന്‍സ്‌ ഗ്യാസിലേക്കു ചുവടുമാറ്റാനുള്ള നീക്കമാണത്രേ ഇത്‌. കൃഷ്‌ണ-ഗോദാവരി തടത്തില്‍ റിലയന്‍സിന്റെ പ്രകൃതിവാതക (എല്‍.എന്‍.ജി) ഖനനം ഊര്‍ജിതമായിട്ടുണ്ട്‌. പെട്രോളിയം മന്ത്രാലയത്തിലെ ഉന്നതരുമായി ഒത്തുകളിച്ചാണു നദീതടത്തില്‍ റിലയന്‍സ്‌ ആധിപത്യമുറപ്പിച്ചത്‌.

വാതക ഇടപാടുകളില്‍ വന്‍ക്രമക്കേടു നടന്നതായി അടുത്തിടെ സി.എ.ജി. കണ്ടെത്തിയിരുന്നു. ഗോദാവരി തടത്തില്‍നിന്നു പ്രകൃതിവാതകം വ്യവസായാടിസ്‌ഥാനത്തില്‍ ഉല്‍പാദിപ്പിച്ചു തുടങ്ങുന്നതോടെ സിറ്റി ഗ്യാസ്‌ പദ്ധതി നടപ്പാക്കാന്‍ റിലയന്‍സ്‌ അധിപനും കോണ്‍ഗ്രസിന്റെ അടുപ്പക്കാരനുമായ മുകേഷ്‌ അംബാനി ലക്ഷ്യമിടുന്നു.

പൈപ്പ്‌ ലൈന്‍ വഴി വാതകം വീടുകളിലെത്തിക്കുന്ന പദ്ധതിയാണിത്‌. സിറ്റി ഗ്യാസ്‌ ശൃംഖല വിജയിക്കാനും സബ്‌സിഡി നിരക്കിലുള്ള ഗ്യാസ്‌ സിലിണ്ടറുകള്‍ അപ്രത്യക്ഷമാകേണ്ടതുണ്ട്‌.



വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)