2011, മേയ് 31

ലേലംവിളി

'തുട്ട്‌ തടയുന്ന' സ്‌റ്റേഷനുകളിലെ കസേരകളില്‍ പിടിമുറുക്കാന്‍ പോലീസില്‍ ലക്ഷങ്ങളുടെ ലേലംവിളി. ഭരണമാറ്റത്തെത്തുടര്‍ന്ന്‌ പോലീസ്‌ സേനയില്‍ നടപ്പിലാക്കുന്ന അഴിച്ചുപണിയില്‍ ഇഷ്‌ടപ്പെട്ട സ്‌ഥലങ്ങളിലെ നിയമനങ്ങള്‍തേടി പോലീസ്‌ ഓഫീസര്‍മാര്‍ നെട്ടോട്ടം തുടങ്ങി. കിമ്പളം ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള അതിര്‍ത്തി ചെക്ക്‌ പോസ്‌റ്റുകളും അബ്‌കാരി മാഫിയകളും സ്‌ഥിതിചെയ്യുന്ന സ്‌ഥലങ്ങളില്‍ കസേര ഉറപ്പിക്കാന്‍ വന്‍ തുകകളാണ്‌ ജനപ്രതിനിധികളും രാഷ്‌ട്രീയ നേതാക്കളും ആവശ്യപ്പെടുന്നത്‌. നെയ്യാറ്റിന്‍കര, പുനലൂര്‍, കട്ടപ്പന, പാലക്കാട്‌, താമരശേരി തുടങ്ങിയ അതിര്‍ത്തി ചെക്‌പോസ്‌റ്റുകളെ നിയന്ത്രിക്കുന്ന സബ്‌ ഡിവിഷനിലേക്ക്‌ നിയമനത്തിനായി ചില ഡിവൈ.എസ്‌.പിമാരോട്‌ പത്തു ലക്ഷം രൂപവരെയാണ്‌ ചോദിക്കുന്നത്‌. തിരുവനന്തപുരം ഫോര്‍ട്ട്‌, പുനലൂര്‍, അടൂര്‍, ആറ്റിങ്ങല്‍, കായംകുളം, ഗുരുവായൂര്‍ സബ്‌ ഡിവിഷനുകളിലെ നിയമനത്തിന്‌ ഏഴുലക്ഷം വരെയാണ്‌ നിരക്ക്‌.

കാഞ്ഞിരപ്പള്ളി സബ്‌ ഡിവിഷനിലെ ഡിവൈ.എസ്‌.പി. നിയമനത്തിന്‌ ഒന്നര ലക്ഷം രൂപയാണ്‌ ജില്ലയിലെ ഒരു ജനപ്രതിനിധി ആവശ്യപ്പെട്ടത്‌. ഒരു ലക്ഷം രൂപ നല്‍കാമെന്ന്‌ പറഞ്ഞ ഡിവൈ.എസ്‌.പിയുടെ ബന്ധുക്കളോട്‌ തനിക്ക്‌ ജനപ്രതിനിധിയാകാന്‍ പണം ഇക്കുറി കൂടുതല്‍ ഇറക്കേണ്ടിവന്നുവെന്നായിരുന്നു ജനപ്രതിനിധിയുടെ വാദം. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ ആഭ്യന്തര വകുപ്പ്‌ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന അഡീഷണല്‍ ചീഫ്‌ സെക്രട്ടറി സി.പി. നായര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പോലീസുകാരുടെ പൊതുസ്‌ഥലമാറ്റങ്ങള്‍ മേയ്‌ 31ന്‌ മുമ്പ്‌ പൂര്‍ത്തിയാക്കണമെന്ന്‌ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലനില്‍ക്കുകയും ഭരണമാറ്റത്തെ തുടര്‍ന്ന്‌ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും ചെയ്‌ത സാഹചര്യത്തില്‍ പൊതുസ്‌ഥലംമാറ്റം നാളിതുവരെ നടപ്പിലായിട്ടില്ല. പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി സ്വന്തം ജില്ലയില്‍ സേവനമനുഷ്‌ഠിച്ചിരുന്ന പോലീസ്‌ ഉദ്യോഗസ്‌ഥരെ അന്യജില്ലകളിലേക്ക്‌ സ്‌ഥലം മാറ്റിയിരുന്നു.

പെരുമാറ്റച്ചട്ടം പിന്‍വലിച്ചിട്ടും അവരെ പഴയ സ്‌ഥലങ്ങളിലേക്ക്‌ മാറ്റിയിട്ടില്ല. സ്വന്തം ജില്ലയില്‍ സേവനമനുഷ്‌ഠിക്കുന്നവര്‍ക്ക്‌ ചുരുങ്ങിയത്‌ രണ്ട്‌ വര്‍ഷമെങ്കിലും സേവനമനുഷ്‌ഠിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ അവര്‍ക്ക്‌ അതിനുള്ള അവസരം നല്‍കണമെന്നാണ്‌ വ്യവസ്‌ഥ. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ്‌ ഇഷ്‌ടപ്പെട്ട കസേരകള്‍ക്കായി ലക്ഷങ്ങളുടെ ലേലംവിളി മുറുകുന്നത്‌. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ സ്‌പീക്കര്‍ തെരഞ്ഞെടുപ്പും ഘടകകക്ഷികളുടെ സമ്മര്‍ദവും മറ്റുമായി തിരക്കായതിനാല്‍ പോലീസ്‌ അഴിച്ചുപണിയെക്കുറിച്ച്‌ ചിന്തിക്കാന്‍പോലും സമയമില്ല. ഇത്തരം സാഹചര്യം മുതലെടുത്താണ്‌ ഇഷ്‌ടകസേര തേടുന്ന പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ലക്ഷങ്ങളുടെ കവറുമായി  രാഷ്‌ട്രീയ നേതൃത്വത്തേ രഹസ്യമായി കാണുന്നത്‌.

ലേലംവിളികളുമായി ചിലര്‍ രംഗത്തിറങ്ങിയത്‌ പോലീസ്‌ ഓഫീസര്‍മാരുടെ സംഘടനയ്‌ക്കുള്ളിലും മുറുമുറപ്പുണ്ടാക്കിയിട്ടുണ്ട്‌.

വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)