2011, മേയ് 22

സതീശന്റെ 'കുറി' കീറി

നിയമസഭയിലെ കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവ്‌ വി.ഡി. സതീശന്റെ മന്ത്രിസ്‌ഥാനം വെട്ടിയത്‌ ലോട്ടറി മാഫിയയും ഇവരുമായി ബന്ധമുള്ള കോണ്‍ഗ്രസ്‌ കേന്ദ്ര നേതൃത്വവും ചേര്‍ന്ന്‌.

ലോട്ടറി രാജാവ്‌ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ഹൈക്കോടതിയില്‍ കേസു നടത്താനെത്തിയ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ വക്‌താവ്‌ മനു അഭിഷേക്‌ സിംഗ്‌വി, ലോട്ടറി കേസുകള്‍ നേരത്തെ കൈകാര്യം ചെയ്‌തിട്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം എന്നിവര്‍ക്കു ലോട്ടറി മാഫിയയുടെ കണ്ണിലെ കരടായ വി.ഡി. സതീശനോടുള്ള കടുത്ത എതിര്‍പ്പ്‌ 'എ' വിഭാഗം സമര്‍ഥമായി ഉപയോഗപ്പെടുത്തിയെന്നാണ്‌ ആരോപണം. ലോട്ടറി രാജാവ്‌ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ഹൈക്കോടതിയില്‍ കേസു നടത്താനെത്തിയ കോണ്‍ഗ്രസ്‌ വക്‌താവ്‌ അഭിഷേക്‌ സിംഗ്‌വിയുടെ കസേര തെറിപ്പിക്കുന്നതില്‍ വി.ഡി. സതീശന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. സിംഗ്‌വിയുടെ നടപടിക്കെതിരേ ഹൈക്കമാന്‍ഡിനു പരാതി നല്‍കിയ സതീശന്‍ അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‌തു. ഹൈക്കമാന്‍ഡിലെ കരുത്തനായ സിംഗ്‌വിക്കു സതീശന്റെ പരാതിയെ തുടര്‍ന്നു മാസങ്ങളോളം പദവി നഷ്‌ടപ്പെട്ടു പുറത്തിരിക്കേണ്ടി വന്നു. ഒരുപാട്‌ സമ്മര്‍ദതന്ത്രങ്ങള്‍ പയറ്റിയാണ്‌ അദ്ദേഹം വീണ്ടും കോണ്‍ഗ്രസ്‌ വക്‌താവ്‌ സ്‌ഥാനത്തു മടങ്ങിയെത്തിയത്‌. ലോട്ടറി കേസില്‍ തൊട്ടുകളിച്ച സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്‌ നേതൃത്വത്തെ ഒതുക്കാന്‍ പാര്‍ട്ടി അഖിലേന്ത്യാ നേതാവിനെ തന്നെ രംഗത്തിറക്കിയ സാന്റിയാഗോ മാര്‍ട്ടിനും സിംഗ്‌വിയും തെറിച്ചതു കടുത്ത ക്ഷീണമായി.

ലോട്ടറി കേസുകളില്‍ നേരത്തെ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി വാദിച്ചിരുന്നവരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരവും ഉണ്ടായിരുന്നു. ലോട്ടറി മാഫിയയുമായി ഇവര്‍ക്കുള്ള അടുത്തബന്ധമാണ്‌ സാന്റിയാഗോ മാര്‍ട്ടിന്റെ നേതൃത്വത്തില്‍ നടത്തിവന്ന വ്യാജ ലോട്ടറികളെ നിരോധിക്കുന്നതില്‍ പ്രധാന തടസമെന്നും ആരോപണമുയര്‍ന്നിരുന്നു.

ലോട്ടറി മാഫിയക്കെതിരേ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ നടപടിയെ പിന്തുണച്ചു ചിദംബരത്തെ വെട്ടിലാക്കിയതിലും സതീശന്‍ നിര്‍ണായക പങ്കുവഹിച്ചു. കോടികള്‍ ഒഴുകുന്ന ലോട്ടറി സാമ്രാജ്യത്തില്‍ നിന്നും വന്‍ തുകകള്‍ പ്രതിഫലം പറ്റിയിരുന്ന ഈ അഭിഭാഷക കോണ്‍ഗ്രസ്‌ നേതൃത്വത്തിനു സതീശന്റെ ഇടപെടലുകള്‍ കടുത്ത അലോസരമുണ്ടാക്കി.

കേരളത്തിലെ ലോട്ടറി ചൂതാട്ടം അവസാനിപ്പിക്കുന്നിടത്തേക്കാണ്‌ പാര്‍ട്ടിക്കുള്ളിലെ സതീശന്റെ ഒറ്റയാള്‍ പോരാട്ടം ചെന്നെത്തിയത്‌.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഇടതുമുന്നണി ഭരണത്തില്‍ കൃത്യതയാര്‍ന്ന ആരോപണങ്ങളിലൂടെ ഇടതു സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ മറ്റൊരു കോണ്‍ഗ്രസ്‌ എം.എല്‍.എയെ ചൂണ്ടിക്കാട്ടാനാകില്ല.  യു.ഡി.എഫ്‌. ജയിച്ചാല്‍ സതീശന്‍ മന്ത്രിയാകുമെന്നു തെരഞ്ഞെടുപ്പിനു മുമ്പേ പ്രചരിപ്പിക്കപ്പെട്ടിരുന്നു.

സതീശനെ പറവൂരില്‍ തോല്‍പിക്കാനായി ലോട്ടറി മാഫിയ മണ്ഡലത്തില്‍ തമ്പടിച്ചു പണം വാരിവിതറിയെങ്കിലും അദ്ദേഹത്തെ തറപറ്റിക്കാനായില്ല. എന്നാല്‍ ജനകീയനായ സതീശനെ വീഴ്‌ത്താന്‍ അവസരം പാര്‍ത്തിരുന്ന കോണ്‍ഗ്രസ്‌ കേന്ദ്ര നേതൃത്വത്തിനും ലോട്ടറി മാഫിയയ്‌ക്കുമൊപ്പം കേരളത്തിലെ ചില 'എ' ഗ്രൂപ്പ്‌ നേതാക്കളും 'കൈ'കോര്‍ത്തതോടെ സതീശനു മന്ത്രിസ്‌ഥാനം നഷ്‌ടമായി.

വാര്‍ത്ത കടപ്പാട് മംഗളം (ഓണ്‍ലൈന്‍ എഡിഷനില്‍ നിന്നും പകര്‍ത്തിയത്.)

3 അഭിപ്രായ(ങ്ങള്‍):

ponmalakkaran | പൊന്മളക്കാരന്‍ പറഞ്ഞു...

കഷ്ടം!സതീശന് മന്ത്രിസ്ഥാനം നൽകണമായിരുന്നു.
അയാൾ അത് തീർച്ചയായും അർഹിച്ചിരുന്നു.

ponmalakkaran | പൊന്മളക്കാരന്‍ പറഞ്ഞു...

കഷ്ടം!സതീശന് മന്ത്രിസ്ഥാനം നൽകണമായിരുന്നു.
അയാൾ അത് തീർച്ചയായും അർഹിച്ചിരുന്നു.

കൊമ്പന്‍ പറഞ്ഞു...

സഹോദരന്‍റെ കഴ്ചപാടുകളെ നൂറു ശതമാനം ശരി എന്ന് ഞാനും അനുകൂലിക്കുന്നു
ഇവന്മാര് നന്നാവില്ല അധിക്കാരം വന്നാല്‍ അപ്പോള്‍ തുടങ്ങും ഗ്രൂപ്പ് കളി