2010, നവം 7

അമേരിക്കയുടെ വ്യാപാര-സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കല്‍ തന്നെയാണു ഒബാമയുടെ യാത്രാലക്ഷ്യം

മുംബൈ: യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ തുടക്കത്തില്‍ത്തന്നെ അമേരിക്കന്‍ കമ്പനികള്‍ കൊയ്‌തെടുത്തത്‌ 1,000 കോടി യു.എസ്‌. ഡോളറിന്റെ (ഏകദേശം 44,000 കോടി രൂപ) കരാറുകള്‍. ഇതുമൂലം അമേരിക്കയില്‍ സൃഷ്‌ടിക്കപ്പെടുന്നത്‌ അര ലക്ഷം തൊഴിലവസരങ്ങള്‍.

അമേരിക്കന്‍ കമ്പനികള്‍ പുറംജോലിക്കരാറുകള്‍ നല്‍കുന്നതു നിരുത്സാഹപ്പെടുത്തുന്ന നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും ഇന്നലെ മുംബൈയില്‍ നടന്ന യു.എസ്‌-ഇന്ത്യാ ബിസിനസ്‌ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യന്‍ വ്യവസായികളുമായി സംവദിച്ച ഒബാമ പറഞ്ഞു.

ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ അവസരങ്ങള്‍ വച്ചുനീട്ടുകയല്ല, മറിച്ച്‌ അമേരിക്കയുടെ വ്യാപാര-സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കല്‍ തന്നെയാണു തന്റെ യാത്രാലക്ഷ്യമെന്നു പ്രഖ്യാപിക്കുന്ന നിലപാടാണ്‌ ഒബാമ സ്വീകരിച്ചത്‌. ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനം പ്രചാരണ കോലാഹലം സൃഷ്‌ടിച്ച ദിവസങ്ങളില്‍ അമേരിക്കന്‍ വ്യവസായ ഭീമന്മാര്‍ ഇന്ത്യന്‍ കമ്പനികളില്‍നിന്നു സഹസ്രകോടികളുടെ കരാറുകളാണു കൊയ്‌തത്‌.

ഇപ്പോള്‍ ധാരണയായ വ്യവസായ ഇടപാടുകള്‍ സാധ്യതകളുടെ ചെറിയൊരംശം മാത്രമാണെന്ന്‌ ഒബാമ പറഞ്ഞു. ഇന്ത്യയില്‍ വന്‍ നിക്ഷേപം നടത്താന്‍ അമേരിക്ക സന്നദ്ധമാണ്‌. കയറ്റുമതിക്കു വന്‍ സാധ്യതയുള്ള ഇന്ത്യയെ ഭാവിയുടെ വിപണിയായാണു കാണുന്നത്‌. അതിനു വ്യാപാര നികുതികള്‍ ഉള്‍പ്പെടെയുള്ള പ്രതിബന്ധങ്ങളില്‍ അയവു വരുത്താന്‍ ഇന്ത്യ തയാറാകണം. കാര്‍ഷികം, അടിസ്‌ഥാനസൗകര്യ നിര്‍മാണം, ടെലികോം തുടങ്ങിയ രംഗങ്ങളിലെ നിയന്ത്രണങ്ങളാണു പ്രധാനമായും നീക്കേണ്ടത്‌. അതിന്‌ അനുപൂരകമായ നടപടികള്‍ അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന്‌ അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ ജോലികള്‍ തട്ടിയെടുക്കുന്ന കോള്‍ സെന്ററുകളുടെ നാടായാണ്‌ ഇന്ത്യയെ അമേരിക്കന്‍ ജനത വിലയിരുത്തുന്നത്‌. അതില്‍ യാഥാര്‍ഥ്യമുണ്ട്‌. ഫാക്‌ടറികളുടെ അടച്ചുപൂട്ടലും തൊഴിലവസരങ്ങള്‍ വിദേശത്തേക്ക്‌ ഒഴുകുന്നതുമാണ്‌ ആഗോളവത്‌കരണമെന്ന അനുഭവമാണ്‌ യു.എസ്‌. ജനതയില്‍ വലിയൊരു വിഭാഗത്തിനുമുള്ളതെന്ന്‌ ഒബാമ ചൂണ്ടിക്കാട്ടി.

വന്‍ കമ്പനികള്‍ ചില്ലറ വില്‍പന മേഖലയിലെത്തുന്നതു ചെറുകിടക്കാരുടെ ഭാവി ഇരുട്ടിലാക്കുമെന്ന കാഴ്‌ചപ്പാടു ശരിയല്ല. ചില്ലറ വില്‍പനശാലകളും കോള്‍ സെന്ററുകളും ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ സഹായിക്കും. വ്യാപാരവും നിക്ഷേപങ്ങളും ഇരുകൂട്ടര്‍ക്കും ഗുണം ചെയ്യും.

ഇന്ത്യയുമായി ഇപ്പോഴുള്ള 3,650 കോടി ഡോളറിന്റെ വ്യാപാരബന്ധം അഞ്ചു വര്‍ഷം കൊണ്ട്‌ ഇരട്ടിയാക്കുകയാണു ലക്ഷ്യം. ഇന്ത്യന്‍ നിരത്തുകളില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ സാന്നിധ്യം അമേരിക്കയുടെ കയറ്റുമതി വര്‍ധിച്ചതിന്‌ ഉദാഹരണമാണ്‌.

അതില്‍ ഇനിയും വളര്‍ച്ചയുണ്ടാകും. അമേരിക്കയുമായുള്ള വ്യാപാര പങ്കാളിത്തത്തില്‍ ഇന്ത്യ പന്ത്രണ്ടാം സ്‌ഥാനത്താണ്‌. അക്കാര്യത്തില്‍ ഇന്ത്യക്ക്‌ ഒന്നാം സ്‌ഥാനത്ത്‌ എത്താവുന്നതേയുള്ളൂ- ഒബാമ പറഞ്ഞു. 2,400 മെഗാവാട്ടിന്റെ വൈദ്യുതി നിലയത്തിനുള്ള ടര്‍ബൈനുകള്‍ വാങ്ങാനായി അമേരിക്കയിലെ ജനറല്‍ ഇലക്‌ട്രിക്കല്‍സുമായി റിലയന്‍സ്‌ ഒപ്പുവച്ച 220 കോടി ഡോളറിന്റെയും 33 ബോയിംഗ്‌ വിമാനങ്ങള്‍ വാങ്ങാനായി സ്‌പൈസ്‌ജെറ്റ്‌ ഒപ്പുവച്ച 270 കോടി ഡോളറിന്റെയും കരാറുകളാണ്‌ ഇന്നലെയുണ്ടായവയില്‍ പ്രധാനം.

വിസാ ഫീസ്‌ നിരക്കുകള്‍ ഉയര്‍ത്തിയത്‌ ഇന്ത്യക്കാരെ മാത്രം ലക്ഷ്യമിട്ടല്ലെന്ന ഒബാമയ്‌ക്ക് ഒപ്പമുള്ള യു.എസ്‌. വാണിജ്യസെക്രട്ടറി ഗാരി ലോക്കെയുടെ അഭിപ്രായം അക്കാര്യത്തിലും ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെടില്ലെന്നു സൂചിപ്പിക്കുന്നതാണ്‌.